ഈശ്വരനുണ്ടോ ?. ഇശ്വരാരാധനയൊക്കെ വെറും അന്ധവിശ്വാസമല്ലേ ? വേദാന്തത്തിനൊക്കെ എന്ത് പ്രസക്തി ?
ഈശ്വരനുണ്ടോ ?. ഇശ്വരാരാധനയൊക്കെ വെറും അന്ധവിശ്വാസമല്ലേ ? വേദാന്തത്തിനൊക്കെ എന്ത് പ്രസക്തി ?
ഇതിനു ഉത്തരം പറയുന്നതിന് മുൻപ് ഈശ്വരന് ഒരു വ്യക്തമായ നിർവചനം കൊടുക്കേണ്ടതായിട്ടുണ്ട്.
വിദേശ മതങ്ങളിലെ ഈശ്വരൻ
ആദ്യമേ തന്നെ ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിലെ - വിദേശ മതങ്ങളിലെ ഈശ്വരനെ ഒന്ന് നിർവചിക്കാം. അതായത് അബ്രഹാമിക മതങ്ങൾ ആയ ഇസ്ലാം / ക്രിസ്തു / ജൂത മതങ്ങളിലെ ദൈവം.
ബൈബിളിലും ഖുർആനിലും ഒക്കെ ഉള്ള ഈശ്വരൻ സങ്കല്പം ജൂത ഗ്രന്ഥമായ തോറയുടെ കോപ്പി തന്നെ ആണ് .അതിലെ ദൈവത്തിന്റെ രത്നചുരുക്കമിതാണ്: അയ്യായിരം വർഷം മുൻപൊരു ദൈവം ശൂന്യതയിൽ നിന്നും ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മൊത്തത്തിലങ്ങു സൃഷ്ടിച്ചു. എന്നിട്ടു ഏഴാം ദിനം വിശ്രമിച്ചു. കുറച്ച് കളിമണ്ണെടുത്തു ഉരുട്ടി കുഴച്ച് മനുഷ്യനെ സൃഷ്ടിച്ചു - ആദത്തെ. പിന്നെ അവന്റെയൊരു വാരിയെലൂരി സ്ത്രീയെ - ഹവ്വയെ. എന്നിട്ടു ഇവറ്റകളൊക്കെ എന്തൊക്കെയാ ചെയ്യുന്നതെന്നും നോക്കി കണക്കുമെടുത്ത് പ്രപഞ്ചത്തിലെങ്ങാണ്ട് മറഞ്ഞിരുന്നു പ്രപഞ്ചത്തെ റിമോട്ട് കണ്ട്രോൾ ചെയ്തു ഇവറ്റകൾക്കൊക്കെ സ്വർഗ്ഗവും നരാഗവുമൊക്കെ കൊടുത്ത് അങ്ങനെ ജീവിക്കുന്നു വിദേശ മതങ്ങളിലെ ദൈവം.
ഭാരതിയരുടെ ഈശ്വര നിർവചനം
ഇനി ഭാരതിയരുടെ ഈശ്വര സങ്കല്പത്തെ ഒന്ന് നിർവചിക്കാം. ഈശാവാസ്യമിദം സര്വ്വം(പ്രപഞ്ചം മുഴുവന് ഈശ്വരനാല് വ്യാപ്തമാണ്). വിദേശ മതങ്ങളിലെപോലെയല്ലാതെ ഏതെങ്കിലുമൊരു പ്രവാചകന്റെ പ്രവചനമല്ല, മറിച്ച് ലക്ഷക്കണക്കിന് ഋഷിമാർ/ഗവേഷകരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ അനുഭവങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ് ഭാരതീയ ഈശ്വര സങ്കൽപം അദ്വൈത വേദാന്തം. ഓരോരുത്തരും അവരവരുടെ ഭാഷയിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളിലായി നിർവചിച്ചിട്ടുണ്ടെങ്കിലും മിക്കവാറും സർവ സമ്മതമായ ഈശ്വര സങ്കൽപം അദ്വൈതമാണ്. അതായത് രണ്ടില്ല (നോൺ Duality). അതുപ്രകാരം ഏതൊന്നിൽ നിന്നാണോ ഈ കാണുന്ന പ്രപഞ്ചമെല്ലാം ഉണ്ടാക്കപ്പെട്ടിരിക്കുന്നത് , ഏതൊന്നിൽ ആണോ ഈ കാണുന്നതെല്ലാം വർത്തിക്കിന്നത് , ഏതൊന്നിലേക്കാണോ ഈ കാണുന്നതെല്ലാം മടങ്ങി ചെല്ലുന്നത് അത് തന്നെ ബ്രഹ്മം. അതിൽ നിന്നന്യമായിട്ടൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല.(ബ്രഹ്മസൂത്രം 1.1.2), തൈത്തരീയം 3 ഭൃഗു വല്ലി, ഗീത 10.8 കൂടാതെ ഒട്ടനവധി ഉപനിഷത്തുകളിലും വേദാന്തത്തിലുടനീളവും ഇത് കാണാം.
അതായത് ബ്രഹ്മം തന്നെ ഇക്കാണുന്ന സർവ്വ ചരാചരങ്ങളും അടങ്ങുന്ന പ്രപഞ്ചമായി മാറിയിരിക്കുന്നു എന്ന്. ചിലർ ആ ഒന്നിനെ ബ്രഹ്മം എന്നും, ചിലർ അതിനെ ഓംകാരമെന്നും, ചിലർ നാരായണനെന്നും, ചിലർ ശിവനെന്നും, ചിലർ കാളിയെന്നും എല്ലാം നാനാവിധത്തിൽ ആ ഒന്നിനെ വിളിക്കുന്നുവെന്നു മാത്രം (ഏകം സത് വിപ്രാ ബഹുധാ വദന്തി) വേദങ്ങളും, നൂറുകണക്കിന് വരുന്ന ഉപനിഷത്തുക്കളെല്ലാം ഉത്ഘോഷിക്കുന്നത് ഈ ബ്രഹ്മത്തെ തന്നെ.
ഇനി ഈ ദൈവസങ്കല്പത്തെ ഒന്ന് യുക്തി ഉപയോഗിച്ച് വിശകലനം ചെയ്യാം
പ്രപഞ്ചമെല്ലാം കണികൾകളാൽ നിർമ്മിതം എന്ന് അറ്റോമിക് ശാസ്ത്രം ഉപജ്ഞാതാവായ കാണാദ മഹർഷി ഉദഘോഷിക്കുന്നു. അതായത് കണികകളാൽ - തന്മാത്രകളാൽ. തന്മാത്രകളെ വീണ്ടും മുറിച്ചാലോ ? അത് ഊർജമായി മാറുമെന്ന് എനർജി മാസ്സ് ഈക്വലൻസ് സിദ്ധാന്തം തെളീയിച്ചിട്ടുമുണ്ടല്ലോ - ആറ്റം ബോംബിന്റെയൊക്കെ പ്രവർത്തന തത്വം. അതായത് ഒരു പദാർത്ഥത്തിന്റെ മുഴുവൻ സ്വഭാവങ്ങളുമടങ്ങുന്ന ഏറ്റവും ചെറിയ തരി ആണ് തന്മാത്ര. അതിനെ വീണ്ടും വീണ്ടും മുറിച്ചാലോ ?, അതിന്റെ രൂപവും, ഗുണവും എല്ലാം പോയി അത് നിർഗുണ നിരാകാര, ഊർജം അഥവാ പ്രാണൻ അഥവാ ബ്രഹ്മം ആയി മാറുന്നു (പ്രശ്നോപനിഷത്തിൽ പ്രാണനും(എനർജി), രയിയും (മാറ്റർ) വേറല്ല ഒന്ന് തന്നെ എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്). ചുരുക്കത്തിൽ പറഞ്ഞാൽ ബ്രഹ്മം എന്നത് തന്നെ ആണ് കണങ്ങൾ ആയി മാറിയിരിക്കുന്നത്. കണങ്ങൾ ചേർന്ന് പദാർത്ഥങ്ങളും. പദാർഥങ്ങൾ ചേർന്ന് സർവ്വ ചരാചരങ്ങളും രൂപപ്പെട്ടിരിക്കുന്നു എന്ന് കാണാം.
ഊർജ്ജസംരക്ഷണനിയമം (Energy of the univverse is a constant) ബ്രഹ്മത്തിൽ നിന്നഭിന്നമായിട്ടൊരനു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. അതുപോലെ ഇല്ലാത്തതുണ്ടാവില്ലുള്ളതില്ലാതാവില്ലൊരിക്കലും (ഗീത 2.16) ഇതെല്ലം അദ്വൈത വേദാന്തത്തിന്റെ യുക്തിയുക്തത വിളിച്ചോതുന്നു. ശാസ്ത്രജ്ഞന്മാർ അവരുടെ ഭാഷയിലും ഋഷിമാർ അവരുടെ ഭാഷയിലും വ്യാഗ്യാനിച്ചെന്നെ ഉള്ളു. രണ്ടും ഒന്ന് തന്നെ.
ഇവിടെ ആധുനിക ശാസ്ത്രജ്ഞന്മാർ ഊർജത്തെ ചൈതന്യമായി കാണുന്നില്ല എന്നതൊഴിച്ചാൽ ആധുനിക ശാസ്ത്രവും ഭാരതീയ ശാസ്ത്രവും പരസ്പരവിരുദ്ധമാവുന്നില്ല.
ഗീതോപദേശമൊക്കെ കഴിഞ്ഞു ഹേ അർജുന ഇതെല്ലം ഞാൻ പറഞ്ഞതാണെന്ന് കരുതി അതേപടി വിശ്വസിക്കാതെ നീ നിന്റെ തന്നെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് വിമർശന ബുദ്ധിയോടെ നന്നായി വിശകലനം ചെയ്ത് നിനക്ക് ശരിയെന്നു തോന്നുന്നതേതോ അത് വിശ്വസിക്കുക എന്ന് പറഞ്ഞ പോലെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് നിങ്ങൾ തന്നെ ഇശ്വരാനുണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കുക.
എന്റെ യുക്തിയിൽ ഇശ്വരാനുണ്ടോ എന്ന ചോദ്യത്തിന് അദ്വൈത വേദാന്തപ്രകാരം ഉണ്ടെന്നു തന്നെ യുക്തിയുക്തം പറയാം.
യുക്തിവാദികൾ ദൈവമില്ല എന്ന് വിളിച്ച് കൂവി നടക്കുന്നത് വിദേശ മതങ്ങളിലെ ദൈവത്തെ ഉദ്യേശിച്ചായിരിക്കണം. പക്ഷെ അവർക്ക് വിദേശ മതവിശ്വാസികളുടെ ചോദ്യങ്ങൾക്കു മുൻപിൽ യാദൃശ്ചികമായി ഈ കാണുന്ന പ്രപഞ്ചവും ജീവജാലങ്ങളുമെല്ലാം ഉണ്ടായി എന്ന വാദം കൊണ്ട് പിടിച്ചു നിൽക്കാനാവില്ല. കാരണം ഇവിടെ ഒരു ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ഇവിടെ ഉണ്ടായിരുന്ന ചപ്പുചവറെല്ലാം ചേർന്ന് ഒരു ഇന്റൽ പ്രോസസ്സർ ഉണ്ടായി എന്നു പറയുമ്പോലെ അസംബന്ധമാണ് യാദൃശ്ചികമായി ജീവജാലങ്ങളും പ്രപഞ്ചവുമൊക്കെ ഉണ്ടായി എന്നു പറയുന്നത്. കാരണം നോക്കൂ നമ്മുടെ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ ഒന്നിനെ മാത്രം എടുത്തു നോക്കിയാൽ മനസിലാകും അതിൽ തന്നെ മാനവരാശി ഇന്നേവരെ കണ്ടുപിടിച്ച മുഴുവൻ കണ്ടുപിടുത്തങ്ങളും ഒരുമിച്ച് ചേർത്ത് വച്ചാൽപോലും ആ കോശത്തിലെ ടെക്നോളജിയുടെ ലക്ഷത്തിലൊരംശം പോലും ആവില്ലെന്ന്. ഇവിടെ യുക്തിവാദികൾക്കുത്തരം മുട്ടുന്നു. എന്തെലെങ്കിലുമൊരു PhD യുമെടുത്ത് സർവ്വജ്ഞാനിയായി എന്ന് അഹങ്കരിക്കുന്ന യുക്തിവാദിക്കു മതവാദികളുടെ ഈ ചോദ്യത്തിന് മുൻപിൽ ഉത്തരം മുട്ടുന്നു. ഈ സമസ്യക്കുത്തരം യുക്തിവാദികൾക്കില്ലാത്തതുകൊണ്ടാണ് വിദേശ മതങ്ങൾ ഇന്നും ജീവിച്ചു പോകുന്നത്.
നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ പരിഹാസ്യമാണ് മനുഷ്യന്റെ യുക്തിയും, ബുദ്ധിയും ഉപയോഗിച്ച് പ്രപഞ്ചത്തെ അറിയാൻ ചെല്ലുന്നതു എന്ന് മുകളിലെ ഉദാഹരണത്തിൽ നിന്നും ബോധ്യമാകും. ഞാനിവിടെ ആധുനിക ശാസ്ത്രത്തെയോ ശാസ്ത്രജ്ഞരെയോ കളിയാക്കുകയോ ചെറുതായി കാണുകയോ അല്ല ചെയ്യുന്നത് മറിച്ച് പ്രപഞ്ചരഹസ്യങ്ങളുടെ അടുത്ത് മനുഷ്യബുദ്ധിയുടെ പരിമിതി - നിസ്സാരത എത്രമാത്രമെന്നു കാണിക്കുക മാത്രമാണ്. ഈ പരിമിതിയെ മറികടക്കാനെന്തെങ്കിലുമൊരു മാർഗ്ഗമുണ്ടോ എന്ന് അന്വേഷിക്കാനാണ്. ഈ പരിമിതിയെ മറികടക്കാൻ മാർഗ്ഗമുണ്ട്. അവിടെയാണ് ആ കളങ്കമില്ലാത്ത പഴയ വഴി അദ്വൈത വേദാന്തത്തിന്റെ പ്രസക്തിയും പ്രായോഗികതയും ഈ ആധുനിക കാലത്തും.
ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ ഈ പ്രപഞ്ചത്തിൽ അറിയാത്തതായി യാതൊന്നും തന്നെ ബാക്കി വരില്ലയോ ആ അറിവേത് ?, അതാണ് അദ്വൈത വേദാന്തം. അദ്വൈതം അഥവാ രണ്ടില്ല. ബ്രഹ്മത്തെ അറിഞ്ഞാൽ അതുകൊണ്ടുണ്ടാക്കപ്പെട്ടിരിക്കുന്ന സർവ്വതിനേയും അറിയാനാകും മനുഷ്യനു. മണ്ണിനെ അറിഞ്ഞാൽ മണ്ണുകൊണ്ടുണ്ടാക്കപ്പെട്ട കലം, കുടം, ചട്ടി, തുടങ്ങിയ സർവതിനെ പറ്റിയും അറിവുണ്ടാകുന്നതുപോലെ ബ്രഹ്മത്തെ അറിഞ്ഞാൽ അതുകൊണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രപഞ്ചത്തിലെ സർവ്വതിനേയും പറ്റി അറിയാനാവും എന്നതാണ് അദ്വൈത വേദാന്തത്തിന്റെ പൊരുളും പ്രസക്തിയും, പ്രായോഗികതയും. ഇതിൽ മതമോ, ജാതിയോ, വിശ്വാസമോ, തത്വശാസ്ത്രമോ, യാതൊന്നുമില്ല, മറിച്ച് ശാസ്ത്രം മാത്രം. മാനവരാശി ഉള്ളിടത്തോളം ഇത് പ്രസക്തവും തന്നെ.
പുറത്തല്ല അകത്താണ് ബ്രഹ്മത്തെ അഥവാ ഈശ്വരനെ അന്വേഷിക്കേണ്ടത്.
ഇനി എങ്ങനെ ബ്രഹ്മത്തെ അറിയാം എന്നതാണ് അടുത്ത വിഷയം. ബ്രഹ്മം എവിടെയാണുള്ളത് ?, മണ്ണിലും വിണ്ണിലും, തൂണിലും, തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് ഭാരതീയർ വിശ്വസിക്കുന്നതിനാധാരം അദ്വൈത വേദാന്തമാണ്. സർവ്വതിലും ബ്രഹ്മം ഉണ്ട് എന്ന് മാത്രമല്ല ബ്രഹ്മമില്ലാത്ത ഒരണു പോലും ഈ പ്രപഞ്ചത്തിലെങ്ങുമില്ല. അപ്പോൾ നമുക്ക് ഏറ്റവുമടുത്ത ബ്രഹ്മം ഏതാണ് ?, നമ്മുടെ ഉള്ളിൽ തന്നെ. അഹം ബ്രഹ്മാസ്മി, തത്വമസി, പ്രജ്ഞാനം ബ്രഹ്മ, അയാം ആത്മാ ബ്രഹ്മം. എന്നെല്ലാം മഹാവാക്യങ്ങളിൽ ഋഷിമാർ എത്തിച്ചേർന്നത് ബ്രഹ്മത്തെ പുറത്തെല്ലാം അന്വേഷിച്ചു ഒടുവിൽ അത് തങ്ങളുടെ ഉള്ളിൽത്തന്നെ ആണെന്ന് കണ്ടെത്തിയ ഋഷിമാരുടെ അനുഭവങ്ങൾ ആണ്.
"ഓരോ ജീവനിലും ഈശ്വരൻ അന്തർലീനമായിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രകൃതിയെ നിയന്ത്രിച്ചുകൊണ്ട് അന്തർലീനമായിരിക്കുന്ന ഈ ഈശ്വരനെ അറിയുക - പുറത്തുകൊണ്ടുവരിക എന്നതാണ് ജീവിത ലക്ഷ്യം. കർമ്മം, ഭക്തി, ജ്ഞാന, യോഗ മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയോ അല്ലെങ്കിൽ എല്ലാത്തിലൂടെയുമോ ഇത് സാധ്യമാക്കുക, സ്വതന്ത്രനാകുക. ഇതാണ് സർവ്വ മത സാരം; സിദ്ധാന്തങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും, പുസ്തകങ്ങളും, വിശ്വാസങ്ങളും, ആരാധനാലയങ്ങളും ഒക്കെ കേവലം രണ്ടാം തരം മാത്രമാണ്." - സ്വാമി വിവേകാനന്ദ.
ഉള്ളിലുള്ള ഈശ്വരനെ അറിഞ്ഞാൽ സർവ്വ ജ്ഞാനവും ഉണ്ടാകും. കർമ്മ ഭക്തി ജ്ഞാന യോഗ തുടങ്ങിയ മാര്ഗങ്ങള് അതിനുള്ളതാണെന്നും ആണ് ചുരുക്കം. നാം നമ്മെ/ബ്രഹ്മത്തെ അറിഞ്ഞാൽ അതിനെയാണ് അദ്വൈതാനുഭൂതി എന്ന് പറയുന്നത്. അത് വായിച്ചോ, പറഞ്ഞോ അറിയാവതല്ല, ചെയ്തു നോക്കി സ്വയം അനുഭവിച്ച് നോക്കേണ്ട ഒന്നാണ്. എങ്കിലും ആ അദ്വൈത അനുഭൂതികൾ കുറിച്ച് ചെറുതായൊന്നു കുറിക്കാം.
യോഗമെന്നാൽ യോജിക്കുക ഒന്നാകുക എന്നാണ് അർഥം. അതായത് നാമും ബ്രഹ്മവും യോജിക്കുക, ഒന്നാവുക - ആത്മാവും പരമാത്മാവും യോജിക്കുക, ഒന്നാകുക എന്ന്. ഞാനും ബ്രഹ്മാവും വേറല്ല ഒന്ന് തന്നെ എന്ന അനുഭവം ആണ് അദ്വൈതാനുഭൂതി. അതുതന്നെ നിർവികല്പ സമാധി.
ഭക്തിയോഗത്തിലൂടെ അദ്വൈതാനുഭൂതി
പരമമായ ഇശ്വരപ്രേമം തന്നെ ഭക്തി. സാധാരണ ആളുകളുടെ ഇടയിലുള്ള കാമുകി കാമുക പ്രേമം അനുഭവിച്ചവർക്ക് പ്രേമത്തെക്കുറിച്ച് എളുപ്പം മനസിലാകും. കാമുകനെ തന്നെ നിനച്ച് അവസാനം തന്നെ തന്നെ മറന്നു തന്നിലും പിന്നെ കാണുന്നതിലെല്ലാം കാമുകനെ ദർശിക്കുന്ന കാമുകി എന്ന പോലെ ഭക്തി മാർഗത്തിൽ പരമമായ ഇശ്വരപ്രേമത്തിന്റെ പാരമ്യത്തിൽ ഭക്തൻ അലിഞ്ഞില്ലാതായി ഭഗവാൻ/ബ്രഹ്മം തന്നെ ആയി മാറുന്ന അവസ്ഥയെ ആണ് ഭക്തിയോഗമെന്നു പറയുന്നത്. ഭക്തി രണ്ടുതരം - പരാഭക്തിയും അപരാ ഭക്തിയും. ഭഗവാനെ പ്രേമിക്കുന്നത് ഭഗവാനെ എനിക്കതു വേണം, ഇത് വേണം, രോഗം മാറണം എന്നൊക്കെ സങ്കൽപ്പിച്ചുള്ളത് അപരാ ഭക്തിയാണ്, മറിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ ഭഗവാനെ പ്രേമത്തിനായി മാത്രം പ്രേമിക്കുന്നത് പരാ ഭക്തിയും. പരാഭക്തിയിൽ മാത്രമാണ് അദ്വൈതാനുഭൂതി ഉണ്ടാവുക. ഇവിടെ വിഗ്രഹാരാധന, ക്ഷേത്രങ്ങൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ, പുരാണ കഥകൾ, ഇതിഹാസങ്ങൾ, സ്മ്രിതികൾ തുടങ്ങി ഒട്ടനവധി സംഗതികൾ വരുന്നതെല്ലാം കേവലം ഭക്തനെ പരാഭക്തിയിലെത്തിക്കാനുള്ള കേവലം ഉപാധികൾ മാത്രമാണ്. പരാഭക്തിയുടെ മൂര്ധന്യാവസ്ഥയിൽ ഭക്തൻ ഭഗവാനായി തന്നെ മാറുന്നു - അഥവാ അദ്വൈതാനുഭൂതി അഥവാ തത്വമസി ഭക്തൻ സാക്ഷാത്കരിക്കുന്നു. അപ്പോൾ സർവ ജ്ഞാനവും ഉണ്ടാകുന്നു. പിന്നെ അവനു ദുഖമില്ല. സ്വതന്ത്രനാവുന്നു. അതുതന്നെ മുക്തി. അത് ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കുന്ന അവസ്ഥ ആണ്. ബ്രഹ്മാവുമായി താദാത്മ്യം പ്രാപിക്കാൻ ഏറ്റവും എളുപ്പമായ മാർഗമാണ് ഭക്തി.
കർമ്മയോഗത്തിലൂടെ അദ്വൈതാനുഭൂതി
നിരന്തര കർമ്മഫലത്യാഗത്തിലൂടെ ചിത്തശുദ്ധി വന്നു അദ്വൈതാനുഭൂതി ഉണ്ടാകുമെന്നു ശ്രുതികൾ പറയുന്നു. ഫലം യാതൊന്നും ഇഛിക്കാതെ കർമ്മത്തിനായി മാത്രം സർവം മറന്നു കർമ്മം ചെയ്യുന്നതിലൂടെ തന്നെ തന്നെ മറന്നു അഹങ്കാരമെല്ലാം ഇല്ലാതായി ചെയ്യുന്ന കർമമായി തന്നെ മാറുന്ന കർമ്മി കർമ്മം ചെയ്യുന്ന ‘ഞാൻ’ ഇല്ലാതായി ബ്രഹ്മമായി മാറി അദ്വൈതാനുഭൂതി ഉണ്ടാകുന്നു.
ജ്ഞാനയോഗത്തിലൂടെ അദ്വൈതാനുഭൂതി
നിത്യാനിത്യ ബോധത്തിലൂടെ അദ്വൈതാനുഭൂതി ഉണ്ടാകുമെന്നു ശ്രുതികൾ പറയുന്നു. ബ്രഹ്മം മാത്രമേ നിത്യമായുള്ളു. ബാക്കി സർവ്വതും വെറും നാമ രൂപങ്ങൾ മാത്രവും. അതാണ് ബ്രഹ്മം സത്യം ജഗത് മിഥ്യ. ഉദാഹരണത്തിന് കുറച്ച് സ്വർണം ഉണ്ടെന്നിരിക്കട്ടെ അതിനെ നമുക്ക് മോതിരമാക്കാം, വള ആക്കാം, ചങ്ങല ആക്കാം, പാദസരമാക്കാം. പല രൂപങ്ങളും നാമങ്ങളുമൊക്കെ ആവുന്നുണ്ടെങ്കിലും അവിടെ മാറാത്തത് സ്വർണം മാത്രമേ ഉള്ളു. നാമ രൂപങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. അതുപോലെ ഈ ജഗത് ബ്രഹ്മത്താൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. സർവവും ബ്രഹ്മം തന്നെ ആണ്. എങ്കിലും നാമ രൂപങ്ങൾ പലതായി മിഥ്യാ ധാരണ മായ ഉണ്ടാക്കുന്നു. ഈ മായയിൽ ആണ് നാം ജീവിക്കുന്നത്. ഞാനിരിക്കുന്ന കസേരയും ഈ കമ്പ്യൂട്ടറും ചുറ്റുപാടുമുള്ള സർവവും ബ്രഹ്മം തന്നെ എങ്കിലും ഈ മായായാൽ എനിക്ക് ബ്രഹ്മമായി അനുഭവിക്കാനാവുന്നില്ല, മറിച്ച് ഓരോ വസ്തുക്കളായി അനുഭവവേദ്യമാകുന്നു. നമ്മിൽ ജ്ഞാനത്തിലൂടെ നിത്യാനിത്യ ബോധം ദൃഢം ആകുമ്പോൾ നമുക്ക് സർവ്വതും ബ്രഹ്മമായി അനുഭവേദ്യമാകും. അതുതന്നെ ജ്ഞാനയോഗം.
രാജയോഗത്തിലൂടെ അദ്വൈതാനുഭൂതി
ചിത്തവൃത്തി നിരോധം സംഭവിക്കുമ്പോൾ അദ്വൈതാനുഭൂതി ഉണ്ടാവും എന്ന് യോഗശാസ്ത്രം. ഇന്ദ്രിയ - മനസ്സ്- ബുദ്ധി - അഹങ്കാരം എല്ലാമടങ്ങുന്ന ചിത്തത്തിൽ നാനാവൃത്തികൾ ഇല്ലാതാക്കാനായാൽ അദ്വൈതാനുഭൂതി ഉണ്ടാകുമെന്നു യോഗശാസ്ത്രം. ആ സമയത്ത് ആത്മാവ് പരമാത്മാവുമായ താദാത്മ്യം പ്രാപിക്കുന്നു. അല്ലാത്തപ്പോൾ ആത്മാവ് വൃത്തികളുമായും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. വൃത്തികളെ നിരോധിക്കുവാനുള്ള അഭ്യാസക്രമം തന്നെ അഷ്ടാംഗയോഗം.
ഈ നാല് മാർഗങ്ങൾ കൂടാതെ സ്വരയോഗം, ജപയോഗം, മന്ത്രയോഗം, തന്ത്രയോഗം തുടങ്ങി പല വഴികളും കുറുക്കുവഴികളുമൊക്കെ ഉണ്ടെങ്കിലും ശാശ്വതമായ വഴി ഈ നാല് തന്നെ. ഇതിൽ ശാസ്ത്രിയമായത് അഷ്ടാംഗയോഗവും എളുപ്പമായതു ഭക്തിയോഗവും തന്നെ.
നാനാവിധ ദുഖങ്ങളും ദുരിതങ്ങളും, വാർദ്ധക്യവും, മരണഭയവും എല്ലാം മനുഷ്യ മനസിനെ വേദനിപ്പിക്കുമ്പോൾ, അവൻ അതുവരെ പഠിച്ച ആധുനിക ശാസ്ത്രങ്ങളോ, നേടിയ ധനമോ രക്ഷക്കെത്താനാവാത്തപ്പോൾ, ശാശ്വതമായ ശാന്തിയും സമാധാനവും സ്വതന്ത്രവും ഉണ്ടാവാൻ ഒരേയൊരു വഴി അദ്വൈത വേദാന്തം മാത്രം.
സതീഷ് വേദാന്തി
വേദഗ്രാമം
+91-9961102178
Comments
Post a Comment