ഈശ്വരാനുണ്ടോ ?. ഏറ്റവും വലിയ യുക്തിവാദികൾ ഋഷിമാർ !
ഏറ്റവും വലിയ യുക്തിവാദികൾ ഋഷിമാർ !
ഈശ്വരാനുണ്ടെങ്കിൽ അത് അനുഭവവേദ്യമാവണം. അനുഭവവേദ്യമല്ലാത്ത ഒരീശ്വരനെ ആർക്കു വേണം, അതിനെ എങ്ങനെ ആരാധിക്കാനാണ് , വിശ്വസിക്കാനാണ് , അതുകൊണ്ട് എന്ത് നേട്ടമാണ് നമുക്കുണ്ടാവുക, സമൂഹത്തിനുണ്ടാവുക ?. വല്ലവരും വല്ലതുമൊക്കെ പുസ്തകത്തിലെഴുതിവച്ചിട്ടുണ്ടെന്നും പറഞ്ഞു അതെല്ലാം അപ്പാടെ അങ്ങ് കണ്ണുമടച്ച് വിശ്വസിക്കണമെങ്കിൽ വല്ല കണ്ണുപൊട്ടനോ മന്ദബുദ്ധിയോ ആയിരിക്കണം. കണ്ണുമടച്ച് വിശ്വസിക്കാൻ ആര് പറഞ്ഞാലും അവിടെ നിന്നും ഓടി പൊയ്ക്കൊള്ളുക. അല്ലെങ്കിൽ വലിയ കുഴിയിലായിരിക്കും നിങ്ങൾ ചെന്ന് ചാടുന്നത്. സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിച്ച് വിശകലനം ചെയ്തു തനിക്ക് ശരി എന്ന് ഉറപ്പുള്ളത് മാത്രമെടുക്കുക എന്നാണു ഭാരതീയ ശാസ്ത്രങ്ങളെല്ലാം തന്നെ ഉപദേശിക്കുന്നത്. ഉദാഹരണത്തിന് ഗീതോപദേശമെല്ലാം കഴിഞ്ഞു അര്ജുനനോട് കൃഷ്ണൻ ഗീതയിൽ ഉപദേശിക്കുന്നത് കാണുക : "അല്ലയോ അർജുനാ , ഞാനാണ് ഇതെല്ലാം പറഞ്ഞത് എന്ന് കരുതി നീ ഇതെല്ലാം അപ്പാടെ എടുക്കരുത്, മറിച്ച് നീ നിന്റെ തന്നെ സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് നന്നായി വിശകലനം ചെയ്തു നിനക്ക് ശരി എന്ന് തോന്നുന്നതെന്തോ അത് എടുക്കുക". അല്ലാതെ അർജുനാ ഞാൻ ഈ പറഞ്ഞതെല്ലാം വള്ളി പുള്ളി തെറ്റാതെ നീ അപ്പാടെ ചെയ്തോണം. അല്ലെങ്കിൽ നരകത്തിലിട്ടു പൊരിക്കും എന്നല്ല.
എന്താണ് ഈശ്വരൻ. ആധുനിക ശാസ്ത്രത്തിലൂടെ എങ്ങനെ തെളിയിക്കാം.
ഏതൊന്നിൽ നിന്നാണോ ഇക്കാണുന്നതെല്ലാം ഉണ്ടാകുന്നുവോ, ഏതൊന്നിൽ ഇക്കാണുന്നതെല്ലാം വർത്തിക്കുന്നുവോ, ഏതൊന്നിലേക്ക് ഇക്കാണുന്നതെല്ലാം മടങ്ങിച്ചെല്ലുന്നുവോ, ആ ഒന്നിനെയാണ് ബ്രഹ്മം എന്നും , ഇശ്വരനെന്നുമൊക്കെ ഭാരതീയർ വിളിക്കുന്നത്. അതിൽ നിന്നും അന്യമായിട്ടൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല.
ഇതെങ്ങിനെ തെളിയിക്കാനാവുമെന്നു നോക്കാം . ആധുനിക ശാസ്ത്രം തന്നെ എടുക്കാം. mass energy equivalence തിയറം പ്രകാരം ദ്രവ്യം എന്നത് അനുഭവവേദ്യമായ ഊർജമാണ്. അതായത് ഘനീകൃത ഊർജത്തെയാണ് നാം ദ്രവ്യം എന്ന് വിളിക്കുന്നത്. ഒന്ന് കൂടി വിശദമാക്കിയാൽ ഊർജവും ദ്രവ്യവും രണ്ടും വേറല്ല ഒന്ന് തന്നെ എന്ന്. ഖരം , ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ അവസ്ഥകളിലിരിക്കുന്ന ദ്രവ്യം അടിസ്ഥാനപരമായി ഊർജം തന്നെ ആണ്. ഊർജ്ജത്തിൽനിന്നഭിന്നമായൊരണു പോലും പ്രപഞ്ചത്തിലെവിടെയുമില്ല. അതുപോലെ ഊർജ്ജ സംരക്ഷണ നിയമം അനുസരിച്ച്, പ്രപഞ്ചത്തിന്റെ മൊത്തം ഊർജ്ജം കോൺസ്റ്റന്റ് ആയി കണക്കാക്കപ്പെടുന്നു, അതായത് ഊർജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല, ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാൻ മാത്രമേ കഴിയു.
ഖരം , ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ അവസ്ഥകളിലിരിക്കുന്ന ദ്രവ്യം കേവലം ഘനീകൃത ഊർജം മാത്രമാണെന്ന് മുകളിലെ സിദ്ധാന്തങ്ങൾ തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് അദ്വൈതവേദാന്തവും (രണ്ടില്ല/nonduality) അതോടൊപ്പം തെളിയിച്ചു കഴിഞ്ഞു. ഊർജം തന്നെ ആണ് ദ്രവ്യം എന്നാൽ പിന്നെ അവിടെ ഈ ഊർജം മാത്രമല്ലെ ഉള്ളു. ഊർജ്ജത്തിൽനിന്നന്യമായിട്ടൊരണുപോലും പിന്നെ ഈ പ്രപഞ്ചത്തിലെവിടെയും അവശേഷിക്കുന്നില്ലല്ലോ. ഋഷിമാർ ഈ ഊർജത്തെ പ്രാണൻ അല്ലെങ്കിൽ ബ്രഹ്‌മം എന്ന് വിളിക്കുന്നു എന്ന് മാത്രം. ശാസ്ത്രജ്ഞന്മാർ അവരുടെ ഭാഷയിൽ ഊർജം എന്ന് വിളിക്കുന്നു. ഋഷിമാർ അവരുടെ ഭാഷയിൽ പ്രാണൻ അഥവാ ബ്രഹ്മമെന്നും. രണ്ടും ഒന്ന് തന്നെ. ശാസ്ത്രജ്ഞന്മാരും ഋഷിമാരും തെറ്റുന്നതിവിടെയാണ്: ശാസ്ത്രജ്ഞന്മാർ ഊർജത്തെ ജഡവസ്തുവായി കാണുമ്പോൾ ഋഷിമാർ അതിനെ ചൈതന്യമായി കരുതുന്നു എന്ന് മാത്രം.
ബ്രഹ്മം തന്നെ ആണീ പ്രപഞ്ചമായി വിലങ്ങുന്നത്. അത് തന്നെ ഇഛിക്കുന്നു ഇങ്ങനെയൊക്കെ ആയിത്തീരട്ടെയെന്നു. അത് ഇങ്ങനെയൊക്കെ ആയി തീർന്നിരിക്കുന്നു അത്ര തന്നെ. ആ ഒന്നിനെ ആണ് അവർ ഓംകാരമെന്നു പേരിട്ടിരിക്കുന്നത്. അതിനെ തന്നെ ആണ് ചിലർ നാരായണനെന്നും, ശിവനെന്നും, കാളിയെന്നും, ഈശ്വരനെന്നുമെല്ലാം നാനാവിധത്തിൽ വിളിക്കുന്നുവെന്നു മാത്രം(ഏകം സത് വിപ്രാ ബഹുധാ വദന്തി). എല്ലാം ഒന്ന് തന്നെ. ഉപനിഷത്തുക്കളിൽ ആയിരക്കണക്കിന് തവണ ഉദഘോഷിക്കുന്ന ആ ഒന്ന് ഈ ബ്രഹ്മം തന്നെ. ഇത് തന്നെ ആണ് നാല് വേദങ്ങളുടെയും സാരമായ മഹാവാക്യങ്ങളെല്ലാം ഉദ്‌ഘോഷിക്കുന്ന തത്വമസി (അത് നീ ആകുന്നു), അഹം ബ്രഹ്‌മാസ്‌മി (ഞാൻ ബ്രഹ്മം ആകുന്നു), ആയമാത്മാ ബ്രഹ്മ (ഈ ആത്മാവ് ബ്രഹ്മം ആകുന്നു), പ്രജ്ഞാനം ബ്രഹ്മ (ശുദ്ധ ബോധം തന്നെ ബ്രഹ്മം). ഇത് തന്നെ അദ്വൈതം.
അതുകൊണ്ടാണ് ഭാരതീയർ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് പറയുന്നത്. ഭാരതീയ ദര്ശനങ്ങളുടെയെല്ലാം ആണി വേര് ഈ അദ്വൈത വേദാന്തം ആകുന്നു. ബ്രഹ്മം എന്ന ഒരേ ഒന്ന് തന്നെ ആണ് ഈ പ്രപഞ്ചമായി - സകല ചരാചരങ്ങളുമായി മാറിയിരിക്കുന്നത്. അതിൽ നിന്നും അഭിന്നമായിട്ടൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. അതിനാൽ തന്നെ ഭാരതീയരെ സംബന്ധിച്ചിടത്തോളം ഇശ്വരൻ തീർച്ചയായും ഉണ്ട്. വിശ്വം മുഴുവൻ വിളങ്ങി നിൽക്കുന്നത് ഈശ്വരൻ അല്ലാതെ മറ്റെന്താണ്. സർവ്വം ഗല്വിതം ബ്രഹ്മം.
Satheesh Vedanthi,
Founder and Director
Vedagramam, Palakkad
Comments
Post a Comment