നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം
നരസേവ തന്നെ നാരായണസേവ. നമ്മുടെ അമ്പലങ്ങളെല്ലാം ദൈവത്തെ സല്യൂട്ട് അടിക്കാനുള്ള കേന്ദ്രങ്ങളായി അധപ്പതിച്ചിരിക്കുന്നു. നരസേവ കേന്ദ്രങ്ങളാക്കി മാറ്റിയാൽ മാത്രമേ ഇതുകൊണ്ടൊക്കെ കാര്യമുള്ളൂ.
ഭാരതത്തിന്റെ ജീവ നാഡികൾ ആയിരുന്നു പണ്ട് അമ്പലങ്ങൾ. അതിനെ ആചാര അനുഷ്ഠാന സല്യൂട്ട് അടി കേന്ദ്രങ്ങൾ മാത്രം ആക്കി ചുരുക്കിയപ്പോൾ നമ്മുടെയിടയിൽ വലിയൊരു വിഭാഗം അങ്ങോട്ട് തിരിഞ്ഞു നോക്കാതെ ആയി. അതേസമയം ഇവിടെയുള്ള വിദേശ മതക്കാരുടെ ആരാധനാലയങ്ങൾ നേരെ മറിച്ചാണ്. അവരതിനെ അവരുടെ കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. പരസ്പരം സഹായിക്കാനും, സഹകരിക്കാനും ഉള്ള കേന്ദ്രങ്ങൾ കൂടി ആണ് അവരുടെ ഓരോ ആരാധനാലയങ്ങളും. അതുകൊണ്ടു തന്നെ അവർക്കിവിടെ അഭൂതപൂര്ണമായ ഐക്യവും, പുരോഗതിയുമുണ്ടായി. വൈദേശികാധിനിവേശത്തിനുമുന്പ് നോക്കിയാൽ കാണാം അന്നത്തെ അമ്പലങ്ങളെല്ലാം നാട്യശാസ്ത്രം, ശാസ്ത്രീയ സംഗീതം, ജ്യോതിശാസ്ത്രം, ആയോധനകല, സാഹിത്യം, ഗണിതം, ആയുർവ്വേദം, ലോഹശാസ്ത്രം മറ്റു കണ്ടുപിടുത്തങ്ങൾ തുടങ്ങി സർവവും അമ്പലങ്ങളെയും വേദാന്തത്തെയും ചുറ്റിപ്പറ്റിയുള്ളതാണെന്നു. ഹിന്ദുക്കൾക്ക് ഇവിടെ പുരോഗതിയുണ്ടാവണമെങ്കിൽ ഇങ്ങനെയുള്ളതും പുതിയതുമായ ഒട്ടനവധി പുതിയ ഉദ്യമങ്ങളും അമ്പലങ്ങളെ ചുറ്റിപ്പറ്റിയുണ്ടാവേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ഹിന്ദുക്കൾ ഉത്തരോത്തരം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കും.
വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഒരു കഥയുണ്ട്. ഒരിടത്ത് ദൈവത്തിനൊരു പൂന്തോട്ടമുണ്ടായിരുന്നു. അത് പരിപാലിക്കാൻ രണ്ടുപേരും. ഒരാൾ വെള്ളമോഴിക്കാനും, വളമിടാനുമെല്ലാമായി എപ്പോഴും ഓടിനടന്നു ജോലിയെടുക്കും, മറ്റെയാൾ പക്ഷെ ദൈവം വരുമ്പോൾ അദ്ദേഹത്തെ പുകഴ്ത്തിപാടാനും, സ്തുതിക്കാനും മാത്രം സമയം കണ്ടെത്തും. ജോലിയൊന്നുമെടുക്കില്ല. സ്വാഭാവികമായും ഇതിൽ ആരെയാവും ദൈവത്തിനു കൂടുതലിഷ്ടമെന്നു ആലോചിക്കാവുന്നതല്ലേ ഉള്ളൂ. ഇവിടെ ഈ ഭൂമി തന്നെയാണ് ദൈവത്തിന്റെ പൂന്തോട്ടം. നാമെല്ലാവരും അവിടുത്തെ പരിപാലകരും.
ഏറ്റവും നന്നായി കർമ്മം ചെയ്യുന്നവരെ ആണ് ഭഗവാന് ഏറെ പ്രീതി. ഗീതയിൽ ഉടനീളം ഭഗവാൻ അർജുനനെ തന്റെ ധർമാനുസൃത കര്മാനുഷ്ഠാനത്തിനു പ്രേരിപ്പിക്കുന്നതാണല്ലോ നമുക്ക് കാണാനാവുന്നതു. അല്ലാതെ തന്റെ സൗന്ദര്യത്തെ പുകഴ്ത്തിപാടാനോ, അഹിംസയുംപറഞ്ഞു അലസനായിരിക്കാനോ, വല്ല നാമമോ മന്ത്രമോ മറ്റോ ജപിച്ച് മുക്കിലിരിക്കാനോ ഒന്നുമല്ലല്ലോ. ഭഗവാന്റെ കണ്ണെത്ര ഭംഗിയായിരിക്കുന്നു, മൂക്കെത്ര ചേലാണ് എന്നൊക്കെ പാടി പുകഴ്ത്തി അമ്പലത്തിൽ പോയി സല്യൂട്ടടിക്കുന്നതൊന്നുമല്ല ഭക്തി മറിച്ച് ധർമാനുസൃത കർമ്മങ്ങൾ അനുഷ്ഠിച്ച്, സഹ ജീവികൾക്ക് വേണ്ടി ജീവച്ച്, ഫലേച്ഛ കൂടാതെ കർമ്മം ചെയ്യുന്നത് ഒക്കെ ആണ് ഭക്തിയിൽ നിന്നുമുണ്ടാവേണ്ട ഗുണങ്ങൾ.
അന്നദാനം മഹാദാനം തന്നെ സംശയമില്ല. ഒരുനേരത്തേക്ക് ഒരാൾക്ക് ഭക്ഷണം കൊടുക്കുന്നത് ശ്രേഷ്ഠം തന്നെ. എന്നാൽ അയാൾക്കൊരു ജോലി വാങ്ങിക്കൊടുക്കുന്നെങ്കിൽ അത് അയാളുടെ ജീവിതകാലം മുഴുവൻ അയാളെ ഊട്ടുന്നതിനാൽ അത് അന്നദാനത്തേക്കാൾ ആയിരമിരട്ടി ശ്രേഷ്ഠം തന്നെ. സംരംഭകരെ സൃഷ്ടിക്കുക അതിനാൽ തന്നെ അന്നദാനത്തേക്കാൾ ലക്ഷം മടങ്ങു ശ്രേഷ്ഠം തന്നെ കാരണം ഒരു സംരംഭകന് നൂറുകണക്കിന് പേർക്ക് ജോലി നൽകാനാവും. അമ്പലങ്ങളിൽ അന്നദാനം, വെടിക്കെട്ട് ഒക്കെ നടത്തുന്നതിന് മുൻപ് ചുറ്റുവട്ടത്തുള്ളവർ സുഖമായിരിക്കുന്നോ, ജോലിയുണ്ടോ, വിദ്യാഭ്യാസമുണ്ടോ, ജോലിയില്ലെങ്കിൽ വല്ല തൊഴിലും പരിശീലിപ്പിക്കാനുള്ള സംവിധാനമൊരുക്കി ജോലി വാങ്ങിക്കൊടുക്കാനുള്ള വഴി ചെയ്തു കൊടുക്കാനാവുമോ എന്നൊക്കെ ഉള്ള കാര്യങ്ങളിൽ ആണ് ശ്രദ്ധിക്കേണ്ടത്. അന്നദാനം ചെയ്യുന്നതിന് പകരം അമ്പലങ്ങളിൽ വല്ല ജോബ് ഫെയർ സംഘടിപ്പിക്കു. അതുപോലെ ബിസിനസ് ഇൻക്യൂബേഷൻ സെന്റർ തുടങ്ങി പത്ത് സംരംഭകരെ സൃഷ്ടിക്കൂ. അവർ നൂറുകണക്കിന് പേർക്ക് ജോലി നൽകില്ലേ. കോടി പുണ്യം കിട്ടില്ലേ.
ഓരോ അമ്പലങ്ങളും ആ പ്രദേശത്തുള്ള നമ്പൂതിരി മുതൽ നായാടിവരെയുള്ള ആബാലവൃന്ദം ഹിന്ദുക്കളെയും അംഗങ്ങൾ ആക്കിയുള്ള കൃസ്‌ത്യാനികളുടെ ഇടവകപള്ളി മാതൃകയിൽ രൂപപ്പെടുത്തി അംഗങ്ങളുടെ ക്ഷേമത്തിനായി നരസേവാ കേന്ദ്രങ്ങൾ ആക്കി മാറ്റണം. അംഗങ്ങൾക്ക് വേണ്ട വിദ്യാഭ്യാസം, ജോലി, വിവാഹം, തുടങ്ങിയ എല്ലാത്തരം ക്ഷേമങ്ങൾക്കുമായി നിലകൊള്ളണം. കൂടാതെ കലകൾ - (സംഗീതം, നൃത്തം, കളരിപ്പയറ്റ്), സാഹിത്യം, ശാസ്ത്രം തുടങ്ങിയവയ്ക്ക് ഒക്കെയുള്ള കേന്ദ്രങ്ങൾ ആയി മാറണം അമ്പലങ്ങൾ. അപ്പോൾ മാത്രമേ അമ്പലങ്ങളെക്കൊണ്ട് ഉപകാരമുള്ളു. ആളുകൾ അമ്പലങ്ങളിലേക്ക് എത്തുകയുള്ളൂ.
Comments
Post a Comment