ജാതിമുക്തശ്രേഷ്ഠഭാരതത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം
ജാതിക്കു വേദാന്തത്തിലെവിടെയും യാതൊരുവിധ പ്രാമാണ്യവുമില്ല. ഇടയ്ക്കെപ്പോഴോ എവിടുന്നോ വലിഞ്ഞുകേറിവന്ന ഭാരതത്തിലെ കോവിഡിനെക്കാൾ മാരകമായ മാരണം ആണ് ജാതി. ഭാരതത്തിന്റെ പരാചയങ്ങൾക്കെല്ലാം കാരണം ഈ ജാതി വ്യവസ്ഥ തന്നെ എന്നതിൽ സംശയമൊന്നുമില്ല. വർണവും ജാതിയും ഒന്നാണെന്ന തെറ്റിധാരണ ചിലർക്കെല്ലാമുണ്ട്. ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമവിഭാഗശ്ച എന്നാണു ഗീത ദർശനം. ഗുണകർമങ്ങളുടെ അടിസ്ഥാനത്തിൽ ആണ് വർണ്ണം സൃഷ്ടിച്ചിരിക്കുന്നത് എന്ന്. വർണ്ണം എല്ലാ ജിവികൾക്കും ഉള്ളതുതന്നെ. ഗുണം (തമസ്സ് - രജസ്സ് - സത്വം), കർമം എന്നിവ ആണ് വർണത്തിനടിസ്ഥാനം. ഒരിക്കലും ജന്മം അല്ല. ഭാരതീയ അറിവ് സംവിധാനങ്ങളുടെ അടിസ്ഥാനദർശനങ്ങളിൽ മിക്കവാറും തന്നെ ഉണ്ടായിരിക്കുന്നത് ബ്രാഹ്മണനായി ജനിച്ചവരില്നിന്നല്ല, മറിച്ച് താഴ്ന്ന വര്ണത്തില് ജനിച്ചവരിൽ നിന്നാണ്. ഉദാ വേദങ്ങൾ, മഹാഭാരതം ഒക്കെ മുക്കുവ പുത്രനായ വ്യാസവിരചിതമാണല്ലോ. രാമായണം ആകട്ടെ കാട്ടാളനായ വാത്മീകി വിരചിതം. ഗീതയാകട്ടെ പശുക്കളെ മേച്ചു നടക്കുന്ന കൃഷ്ണൻ ഉപദേശിച്ചത്. ഋഷിമാരുടെയെല്ലാം ഋഷിയായ ദേവര്ഷി നാരദൻ ആകട്ടെ വേശ്യാപുത്രനാണല്ലോ. വിവേകാനന്ദ സ്വാമികളെപോലുള്ള ലോകത്തെ മാറ്റിമറിച്ച മഹാത്മാക്കൾ മിക്കവാറും ബ്രാഹ്മണർ ആയിരുന്നില്ല. (ഓർക്കണം വിവേകാനന്ദനെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കയറ്റിയില്ലായിരുന്നല്ലോ അദ്ദേഹം പോയപ്പോൾ. കൃഷ്ണൻ വന്നാൽ ഗുരുവായൂരിലും ചിലപ്പോ അക്കാലത്തു കയറ്റുമായിരുന്നില്ല ചില ഭ്രാന്തന്മാർ അക്കാലത്ത് !). അതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ. ഇവരെല്ലാം ജന്മം കൊണ്ട് താഴ്ന്ന വര്ണത്തില് അച്ഛനുമമ്മക്കും ജനിച്ച് കർമ്മം കൊണ്ട് ബ്രാഹ്മണൻ ആയവർ ആണ്. ഒരിക്കലും ജന്മം കൊണ്ട് ബ്രാഹ്മണരായവരല്ല. അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ എത്രപേർ കാണും ഇവിടെ ബ്രാഹ്മണരും, ക്ഷത്രിയരും ഒക്കെ?. സ്വന്തം ഇച്‌ഛാ ശക്തിയിൽ ആരു കർമം ചെയ്യുന്നുവോ അവരാണല്ലോ ക്ഷത്രീയർ - മറ്റുള്ളവരുടെ ഇച്‌ഛാ ശക്തിയിൽ കർമം ചെയ്യുന്നവർ ശൂദ്രരും, ഇടക്ക് വരുന്നവർ വൈശ്യരും, ഇതിനെല്ലാം പുറത്തുള്ളവർ ബ്രാഹ്മണരും. സ്വന്തം ഇച്ചാശക്തിയിൽ പ്രവർത്തിക്കുന്നത് ആരൊക്കെ എന്നൊന്ന് നോക്കാം ഒരുപാട് പേർക്ക് ജോലി കൊടുക്കുന്ന സംരംഭകർ, CEO, മിനിസ്റ്റർ, IAS/IPS പദവിയിലുള്ളവർ തുടങ്ങിയവരൊക്കെ ക്ഷത്രിയർ ആയി കണക്കാക്കാം. ഇനി ഇവരുടെ ഇച്ഛയനുസരണം പ്രവർത്തിക്കുന്ന ജോലിക്കാർ എല്ലാം അത് ഗവണ്മെന്റ് സെക്ടർ ജോലിക്കാർ ആയാലും ശരി, പ്രൈവറ്റ് സെക്ടർ ജോലിക്കാർ ആയാലും ശരി കൂലിപ്പണിക്കാർ ആയാലും ശരി അവരെല്ലാം മറ്റാരുടെയോ ഇച്ഛയനുസരണം കർമം അനുഷ്ഠിക്കുന്നതിനാൽ സേവകർ - ശൂദ്രർ തന്നെ. ഇനി ഇതിനു രണ്ടിനുമിടക്കുള്ള പകുതി സ്വന്തം ഇഛാശക്തിയിലും പകുതി മറ്റാരുടെയെങ്കിലും ഇഛാശക്തിയിലും പ്രവർത്തിക്കുന്നവരുണ്ട് കൃഷിക്കാർ, വ്യാപാരികൾ തുടങ്ങിയവർ. അവർ വൈശ്യരിൽ പെടും. ഇതിനെല്ലാം പുറത്ത് ബുദ്ധിയിലും ആത്മാവിലും ആനന്ദിച്ച് ജീവിക്കുന്ന ഒരു വിഭാഗം ഉണ്ട് - ഋഷിമാർ, ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ തുടങ്ങിയ ബുദ്ധിജീവികൾ. അവർ മാത്രമേ ബ്രാഹ്മണരായി കണക്കാക്കാനാവു. അവരാകട്ടെ ബ്രാഹ്മണനായ അച്ഛനുമമ്മക്കും ജനിക്കണമെന്നു യാതൊരു നിർബന്ധവുമില്ലതന്നെ. ആർക്കും കർമ്മം കൊണ്ട് നേടാവുന്നതാണ് ബ്രാഹ്മണ വർണം. ആർക്കുമത് അന്യവുമല്ല. പിന്നെ ബ്രഹ്മണ്യമെന്നത് ആരെയെങ്കിലും ചൂഷണം ചെയ്യാനും അവഹേളിക്കാനുമുള്ള ലൈസൻസുമല്ല. അതുകൊണ്ടു ജാതിയെന്ന കെട്ടുകഥ - അപസർപ്പക കഥ പൂർണമായും ഭാരതപുത്രന്മാർ ഒരു ദുർസ്വപ്നമെന്ന പോലെ വിട്ടുകളയുക. ജാതി ചോദിക്കരൂത്, പറയരുത്. (അത് ചെയ്യുന്നവന്റെ മുട്ടുകാലു തല്ലിയൊടിക്കണം എന്നാണു എന്റെ അഭിപ്രായം, അതിപ്പോ മദ്രാസ് IIT യിലെ പ്രൊഫസർ ആയാലും ശരി, പൂജാരി ആയാലും ശരി. അതുപോലെ കേവലം സ്ഥൂല ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകർ വെറും ആശാനേ ആവുന്നുള്ളൂ. അവർ ഗുരുവാണ്, ബ്രാഹ്മണരാണ് എന്നൊക്കെ ചില തെറ്റിധാരണകൾ ഉണ്ട് അതുകൊണ്ടു പറഞ്ഞെന്നു മാത്രം. ഗുരുവും ബ്രാഹ്മണനുമൊക്കെ ആവണമെങ്കിൽ സൂക്ഷ്മ ദർശനങ്ങളിൽ അവഗാഹം വേണം)
ഒരു ജാതിമുക്തസ്രേഷ്ടഭാരതത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം
ശ്രീ ശൃംഗേശ്വരം വേദഗ്രാമം, നെന്മാറ. sreesringeswaram@gmail.com
Comments
Post a Comment