അദ്വൈത വേദാന്തത്തിന്റെ പ്രസക്തി
അദ്വൈത വേദാന്തത്തിന്റെ പ്രസക്തി
- ആധുനിക ശാസ്ത്രം അവസാനിക്കുന്നിടത്താണ് അദ്വൈത വേദാന്തം ആരംഭിക്കുന്നത്.
- നാഴിയെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ ആണ് ആധുനിക വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവിലൂടെ പ്രപഞ്ചത്തെ അറിയാൻ ചെന്നാലുള്ള അവസ്ഥ.
- ഒരു മണൽത്തരി എടുത്താൽ പോലും അതിൽ തന്നെ നൂറുകണക്കിന് വർഷങ്ങൾ പഠിച്ചാലും തീരാത്തത്ര അറിവുകൾ മറഞ്ഞിരിക്കുന്നുണ്ടെന്നിരിക്കെ ആധുനിക വിദ്യാഭ്യാസത്തിലൂടെ അഥവാ അപരാവിദ്യയിലൂടെ നേടുന്ന അറിവ് എപ്പോഴും അപൂർണം തന്നെ ആയിരിക്കും.
- ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി മറ്റൊന്നുംതന്നെ ഈ പ്രപഞ്ചത്തിൽ അവശേഷിക്കുകയില്ലയോ ആ അറിവാണു അദ്വൈത വേദാന്തം അഥവാ പാരാവിദ്യ അഥവാ ബ്രഹ്മവിദ്യ.
- ആ അറിവുണ്ടാകുമ്പോൾ മാത്രമേ പൂർണൻ ആവുകയുള്ളൂ. സംസാരമുക്തനാവുകയുള്ളു.
- മണ്ണിനെ അറിഞ്ഞാൽ പിന്നെ കലം, ചട്ടി, കുടം തുടങ്ങി മണ്ണുകൊണ്ടുണ്ടാക്കിയ സർവതിനെ പറ്റിയും അറിവുണ്ടാവുന്നതു പോലെ ബ്രഹ്മത്തെ അറിഞ്ഞാൽ പിന്നെ ഈ പ്രപഞ്ചത്തിലെ സർവതിനെ കുറിച്ചും അറിവുണ്ടാകുമെന്നതാണ് ബ്രഹ്മജ്ഞാനത്തിന്റെ പ്രസക്തി.
- ഏതൊന്നിൽ നിന്നാണോ ഇക്കാണുന്ന സർവവും ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇക്കാണുന്ന സർവവും നിലനിൽക്കുന്നത്, ഏതൊന്നിലേക്കാണോ ഇക്കാണുന്ന സർവവും മടങ്ങിച്ചെല്ലുന്നത് ആ ഒന്നിനെ ആണ് ബ്രഹ്മം (ഗീത) എന്ന് വിളിക്കുന്നത്. അതിന്റെ പേര് തന്നെ ഓംകാരം (യോഗശാസ്ത്രം). അതില്നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെങ്ങുമില്ല (ഗീത).
- നാരായണൻ എന്നും, ശിവനെന്നും, കാളിയെന്നും, പരാശക്തിയെന്നുമെല്ലാം നാനാവിധത്തിൽ ഋഷിമാർ വിളിക്കുന്നത് ഈ ബ്രഹ്മത്തെ അല്ലാതെ മറ്റൊന്നുമല്ല (ഏകം സത് വിപ്രാ ബഹുദാ വദന്തി).
- ആധുനിക ശാസ്ത്രവും അവസാനം ഇവിടെ തന്നെ എത്തി നിൽക്കുന്നത് ഐൻസ്റ്റീനിന്റെ എനർജി മാസ്സ് ഈക്വലൈൻസ് തിയറിയിൽ കാണാം. ഇതുപ്രകാരം ദ്രവ്യമെന്നത് ഘനീകൃത ഊർജം (condensed energy) മാത്രം ആണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അനുഭവവേദ്യമായ ഊർജമാണ് (sensible energy) ദ്രവ്യമെന്നത്.
- ആധുനികർ ഉർജമെന്നു(energy) വിളിക്കുമ്പോൾ ഋഷിമാർ അതിനെ പ്രാണൻ അഥവാ ബ്രഹ്മമെന്നു വിളിക്കുന്നു എന്ന് മാത്രം. രണ്ടും ഒന്ന് തന്നെ ഋഷിമാർ അവരുടെ ഭാഷയിലും ആധുനികർ അവരുടെ ഭാഷയിലും വിളിക്കുന്നെന്നു മാത്രം. ഒരേയൊരു വ്യത്യാസം ആധുനികർ ഊർജത്തെ ജഡമായി കരുതുമ്പോൾ ഋഷിമാരതിനെ ചൈതന്യമായി കാണുന്നു എന്ന് മാത്രം
സതീഷ് വേദാന്തി
ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ
സംപ്രാപ്തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുക്രിഞ്കരണെ
നീ ഇതുവരെ പഠിച്ച സ്ഥൂല ശാസ്ത്രങ്ങളോ (നാം സ്കൂളുകളിലും കോളേജുകളിലുമെല്ലാം പഠിക്കുന്ന ഭൗതികമായ അറിവുകൾ - അപരാവിദ്യ) നേടിയ ഭൗതിക സമ്പത്തുക്കളോ ഒന്നും തന്നെ അവസാനകാലത്ത് നിന്നെ രക്ഷിക്കുകയില്ല. അതുകൊണ്ടു ഹേ മൂഢ ബുദ്ധേ നീ ഗോവിന്ദനെ/ബ്രഹ്മത്തെ ഭജിക്കുക/ഉപാസിക്കുക/അറിയുക/അനുഭവവേദ്യമാക്കുക. ബ്രഹ്മവിദ്യ - പരാവിദ്യ - വേദാന്തം അഭ്യസിക്കുന്നതിലൂടെ, കർമ്മ - ഭക്തി - ജ്ഞാന - യോഗ തുടങ്ങിയ മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെയോ എല്ലാത്തതിലൂടെയുമോ അദ്വൈതാനുഭൂതി സ്വായത്തമാക്കുക, സ്വതന്ത്രരാവുക, ത്രിവിധ ദുഃഖ ആത്യന്തിക നിവൃത്തിക്ക് / പുരുഷാർദ്ധത്തിനു അത് മാത്രമേ വഴിയുള്ളു. അതുതന്നെ വേദാന്തത്തിന്റെ ഇന്നത്തെയും എന്നത്തേയും പ്രസക്തിയും, പ്രഥമവും പ്രഥിതവുമായ ലക്ഷ്യവും.
Comments
Post a Comment