ശ്രുതികൾ അഥവാ ദർശനങ്ങൾ മാത്രമാണ് പ്രമാണങ്ങൾ
- ശ്രുതികൾ അഥവാ ദർശനങ്ങൾ മാത്രമാണ് പ്രമാണങ്ങൾ അഥവാ ശാസ്ത്രങ്ങൾ. പുരാണങ്ങൾ, ഇതിഹാസങ്ങൾ, സ്മൃതികൾ തുടങ്ങിയവയൊക്കെ രണ്ടാംതരം ഗ്രന്ഥങ്ങൾ മാത്രം - ബൗദ്ധികമായി, ആദ്ധ്യാത്മികമായി ഒക്കെ താഴെ തട്ടിലുള്ള ആളുകളെ മുകളിലെത്തിക്കാനുള്ള ഉപായങ്ങൾ മാത്രം. അമ്പലങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ ഇവയുടെയും ഒക്കെ ലക്ഷ്യവും മറിച്ചല്ല.
- ഒരു ശാസ്ത്രജ്ഞൻ എങ്ങനെ ആണോ തന്റെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതിക/സ്ഥൂല വസ്തുതകളിൽ കണ്ടെത്തലുകൾ നടത്തുന്നത് അതെ പോലെ തന്നെ ഋഷിമാർ സൂക്ഷ്മ വസ്തുതകളിൽ നടത്തുന്ന കണ്ടെത്തലുകലെ ആണ് ശ്രുതികൾ എന്ന് വിളിക്കുന്നത്.
- ഉദാ യോഗശാസ്ത്രമെടുക്കുക - യോഗശാസ്ത്രം ശ്രുതിയാണ് - അതായത് ഋഷിമാരുടെ ഒരു കണ്ടുപിടുത്തം ആണ് : ചിത്തം നാനാതരത്തിലുള്ള വൃത്തികളെ തടയുന്നതാകുന്നു യോഗം. ആ സമയം മനുഷ്യൻ ഈശ്വരനായി താതാത്മ്യം പ്രാപിക്കുന്നു അഥവാ ഈശ്വരനായി മാറുന്നു എന്നാണിതിലെ കണ്ടെത്തൽ. അതിനുള്ള അഭ്യാസക്രമം ആണ് യമ-നിയമ-ആസന-പ്രാണായാമ-പ്രത്യാഹാര-ധാരണ-ധ്യാന-സമാധി തുടങ്ങിയ അഷ്ടാംഗങ്ങൾ. ഈ അഭ്യാസക്രമങ്ങൾ നമ്മൾ ഋഷിമാർ പറയുന്നതുപോലെയൊക്കെ ചെയ്തു നോക്കുകയാണെങ്കിൽ അവർ പറയുന്ന അനുഭവങ്ങൾ ഒക്കെ നമുക്കും അനുഭവിക്കാനാവും.
അതുപോലെ ഭക്തി ശാസ്ത്രമെടുക്കുക - ആത്യന്തികമായ പ്രേമമാണ് ഭക്തി. ആ സമയത്തു ഭക്തൻ മാഞ്ഞു ഭഗവാൻ തന്നെ ആയി പരിണമിക്കുമെന്നു ഭക്തി ശാസ്ത്രം. അതിനുള്ള ആഭാസക്രമങ്ങൾ ഋഷിമാർ ഉപദേശിച്ചതിരിക്കുന്നതുപോലെയൊക്കെ നമ്മൾ ചെയ്തു നോക്കുകയാണെങ്കിൽ അവർ പറയുന്നതെല്ലാം നമുക്ക് അനുഭവവേദ്യമാകും.
ഇനി ജ്ഞാന ശാസ്ത്രമെടുക്കുക - ഏതൊന്നാണോ ഇക്കാണുന്ന പ്രപഞ്ചം ആയി പരിണമിച്ചിരിക്കുന്നത് ആ ഒന്നിനെ - ബ്രഹ്മത്തെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതാണ് ഒന്നും തന്നെ ബാക്കി വരില്ല, ആ സമയത്ത് ജ്ഞാനി ബ്രഹ്മം തന്നെ ആയി മാറുമെന്ന് ഋഷിമാരുടെ കണ്ടെത്തൽ അഥവാ ദർശനം.
- കർമ്മ ഫല ത്യാഗത്തിലൂടെ എങ്ങനെ കർമിക്ക് കർമപാശങ്ങളിൽ നിന്നും രക്ഷ നേടി ബ്രഹ്മമായി മാറാം എന്ന കണ്ടെത്തൽ ആണ് കർമ്മ ശാസ്ത്രം ഉപദേശിക്കുന്നത്. കര്മങ്ങളെല്ലാം ഋഷിമാർ പറയുന്നതുപോലെ ഒക്കെ ക്രമീകരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ആർക്കും ഈ ഒരവസ്ഥ അനുഭവവേദ്യമാകും.
ആധുനിക ശാസ്ത്രത്തിലെ ദർശനങ്ങളും, ഭാരതീയ ശാസ്ത്രങ്ങളിലെ ദർശനങ്ങളും ഒക്കെ ഒരേ പോലെ ശാസ്ത്രങ്ങൾ തന്നെ. ആധുനിക ശാസ്ത്രത്തിലെ ദർശനങ്ങൾ ഭൗതിക വസ്തുക്കളെ ഒക്കെ കാണിച്ച് പെട്ടന്ന് തെളിയിക്കാം. സൂക്ഷ്മ വസ്തുതകൾ തെളിയിക്കണമെങ്കിൽ ഋഷിമാർ അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഒക്കെ ചെയ്തു നോക്കിയാൽ മാത്രമേ സാധ്യമാവൂ എന്നതാണ് വ്യത്യാസം.
Comments
Post a Comment