അദ്വൈത വേദാന്തത്തിന്റെ പ്രസക്തി
അദ്വൈത വേദാന്തത്തിന്റെ പ്രസക്തി
പതിമൂന്നു ലക്ഷം ഭൂമികളുടെ വലിപ്പമാണ് സൂര്യനെന്ന ഒരു നക്ഷത്രത്തിനുള്ളത്. അതുപോലെയുള്ള നൂറുകോടിയിലധികം നക്ഷത്രങ്ങൾ ചേർന്നതാണല്ലോ ഓരോ ഗാലക്സിയും, ഓരോ നക്ഷത്രത്തിനുമുള്ള ഗ്രഹങ്ങളും, ഉപഗ്രഹങ്ങളുമൊക്കെ വേറെ. നൂറുകോടിയിലധികം ഗാലക്സികളെ ഇതുവരെ കണ്ടെത്തിയിട്ടുമുണ്ട് എന്നോർക്കണം. അതുകൊണ്ടുതന്നെ നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ ആണ് അപരാവിദ്യ അഥവാ സ്ഥൂലശാസ്ത്രത്തിലൂടെ (സ്കൂളിലും കോളേജിലുമൊക്കെ ഇന്ന് പഠിപ്പിക്കുന്ന വിദ്യ) പ്രപഞ്ചത്തെ അറിയാൻ ശ്രമിക്കുന്നത്. ഒരു മണൽത്തരി എടുത്താൽ പോലും അതിൽ തന്നെ വര്ഷങ്ങളോളം പഠിക്കാനുണ്ടെന്നിരിക്കെ സ്ഥൂലശാസ്ത്രത്തിലൂടെ എത്ര വർഷമെടുത്തു പഠിച്ചാലും എവിടെയുമെത്തില്ല-അറിവ് പൂര്ണമാകില്ല എന്നുള്ളത് വാസ്തവം. (ഇവിടെ സ്ഥൂലശാസ്ത്രം ആവശ്യമില്ല എന്നല്ല മറിച്ച് സൂക്ഷ്മശാസ്ത്രവും അത്യാവശ്യം എന്നാണുദ്ദേശം). ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി യാതൊന്നും തന്നെ ബാക്കി വരില്ലയോ ആ അറിവാണ് അദ്വൈതവേദാന്തം. മണ്ണിനെ അറിഞ്ഞാൽ പിന്നെ മണ്ണുകൊണ്ടുണ്ടാക്കിയ ചട്ടി, കലം, കുടം തുടങ്ങിയ മണ്ണുകൊണ്ടുണ്ടാക്കിയ സകലതിനെപ്പറ്റിയും അറിവുണ്ടാകുമെന്നതുപോലെ ബ്രഹ്മം എന്ന ഒന്നിനെ അറിഞ്ഞാൽ പിന്നെ അതുകൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള സർവതിനെക്കുറിച്ചും അറിവുണ്ടാകും. ആ അറിവാണ് ബ്രഹ്മവിദ്യ - സൂക്ഷ്മ ശാസ്ത്രം - പരാവിദ്യ എന്നൊക്കെ നാനാവിധത്തിൽ വിളിക്കുന്ന അദ്വൈത വേദാന്തം. ബ്രഹ്മം അഥവാ പ്രാണൻ ആധുനികരുടെ ഭാഷയിൽ എനർജി എന്ന ഒന്ന് തന്നെ ആണ് ഖരം, ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ അവസ്ഥകളിൽ ഉള്ള ദ്രവ്യം ആയി - ഈ പ്രപഞ്ചമായി വിളങ്ങുന്ന നമുക്ക് അനുഭവവേദ്യമായിരിക്കുന്ന ഈ ബ്രഹ്മണ്ഡം എന്നതാണല്ലോ എനർജി മാസ്സ് ഈക്വലൈൻസ് (E=MC^2) സിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ തെളിയിച്ചിട്ടുള്ളത്. ഏതൊന്നിൽ നിന്നാണോ ഇക്കാണുന്ന സർവവും ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇക്കാണുന്ന സർവവും നിലനിൽക്കുന്നത്, ഏതൊന്നിലേക്കാണോ ഇക്കാണുന്ന സർവവും മടങ്ങിച്ചെല്ലുന്നത് ആ ഒന്നിനെയാണല്ലോ ബ്രഹ്മം എന്ന് പറയുന്നത്. അതിൽനിന്ന് അഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെങ്ങുമില്ലെന്നു ഭാരതീയ ശാസ്ത്രവും നിരൂപിക്കുന്നു ഉപനിഷത്തുക്കളിൽ ഒരായിരം വട്ടം ഇതാവർത്തിക്കുന്നത് നമുക്ക് കാണാനാവും. വേദാന്തത്തിൽ പറയുന്ന ബ്രഹ്മം അഥവാ പ്രാണൻ അല്ലെങ്കിൽ ആധുനികർ എനര്ജി എന്ന് വിളിക്കുന്ന ഈ ഒന്നുകൊണ്ടു തന്നെ പ്രപഞ്ച സൃഷ്ടി. അതിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതാണ് മറ്റൊന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഭാക്കിയുണ്ടാവില്ല. അപ്പോൾ മാത്രമേ അറിവ് പൂര്ണതയിലെത്തു. അതുതന്നെ സർവജ്ഞത്വം. അപ്പോൾ നാമും അതായിത്തന്നെ മാറുന്നു. ആ ബോധം തന്നെ തുരീയം.
- ആധുനിക ശാസ്ത്രം അവസാനിക്കുന്നിടത്താണ് അദ്വൈത വേദാന്തം ആരംഭിക്കുന്നത്.
-
നാഴിയെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ ആണ് ആധുനിക
വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവിലൂടെ പ്രപഞ്ചത്തെ അറിയാൻ ചെന്നാലുള്ള
അവസ്ഥ.
- ഒരു മണൽത്തരി എടുത്താൽ പോലും അതിൽ തന്നെ നൂറുകണക്കിന്
വർഷങ്ങൾ പഠിച്ചാലും തീരാത്തത്ര അറിവുകൾ മറഞ്ഞിരിക്കുന്നുണ്ടെന്നിരിക്കെ
ആധുനിക വിദ്യാഭ്യാസത്തിലൂടെ അഥവാ അപരാവിദ്യയിലൂടെ നേടുന്ന അറിവ് എപ്പോഴും
അപൂർണം തന്നെ ആയിരിക്കും.
- ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ
അറിയേണ്ടതായി മറ്റൊന്നുംതന്നെ ഈ പ്രപഞ്ചത്തിൽ അവശേഷിക്കുകയില്ലയോ ആ അറിവാണു
അദ്വൈത വേദാന്തം അഥവാ പാരാവിദ്യ അഥവാ ബ്രഹ്മവിദ്യ.
- ആ അറിവുണ്ടാകുമ്പോൾ മാത്രമേ പൂർണൻ ആവുകയുള്ളൂ. സംസാരമുക്തനാവുകയുള്ളു.
-
മണ്ണിനെ അറിഞ്ഞാൽ പിന്നെ കലം, ചട്ടി, കുടം തുടങ്ങി മണ്ണുകൊണ്ടുണ്ടാക്കിയ
സർവതിനെ പറ്റിയും അറിവുണ്ടാവുന്നതു പോലെ ബ്രഹ്മത്തെ അറിഞ്ഞാൽ പിന്നെ ഈ
പ്രപഞ്ചത്തിലെ സർവതിനെ കുറിച്ചും അറിവുണ്ടാകുമെന്നതാണ് ബ്രഹ്മജ്ഞാനത്തിന്റെ
പ്രസക്തി.
- ഏതൊന്നിൽ നിന്നാണോ ഇക്കാണുന്ന സർവവും
ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇക്കാണുന്ന സർവവും നിലനിൽക്കുന്നത്,
ഏതൊന്നിലേക്കാണോ ഇക്കാണുന്ന സർവവും മടങ്ങിച്ചെല്ലുന്നത് ആ ഒന്നിനെ ആണ്
ബ്രഹ്മം (ഗീത) എന്ന് വിളിക്കുന്നത്. അതിന്റെ പേര് തന്നെ ഓംകാരം
(യോഗശാസ്ത്രം). അതില്നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെങ്ങുമില്ല
(ഗീത).
- നാരായണൻ എന്നും, ശിവനെന്നും, കാളിയെന്നും,
പരാശക്തിയെന്നുമെല്ലാം നാനാവിധത്തിൽ ഋഷിമാർ വിളിക്കുന്നത് ഈ ബ്രഹ്മത്തെ
അല്ലാതെ മറ്റൊന്നുമല്ല (ഏകം സത് വിപ്രാ ബഹുദാ വദന്തി).
- ആധുനിക
ശാസ്ത്രവും അവസാനം ഇവിടെ തന്നെ എത്തി നിൽക്കുന്നത് ഐൻസ്റ്റീനിന്റെ എനർജി
മാസ്സ് ഈക്വലൈൻസ് തിയറിയിൽ കാണാം. ഇതുപ്രകാരം ദ്രവ്യമെന്നത് ഘനീകൃത ഊർജം
(condensed energy) മാത്രം ആണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അനുഭവവേദ്യമായ
ഊർജമാണ് (sensible energy) ദ്രവ്യമെന്നത്.
- ആധുനികർ ഉർജമെന്നു(energy) വിളിക്കുമ്പോൾ ഋഷിമാർ അതിനെ പ്രാണൻ അഥവാ ബ്രഹ്മമെന്നു വിളിക്കുന്നു എന്ന് മാത്രം. രണ്ടും ഒന്ന് തന്നെ ഋഷിമാർ അവരുടെ ഭാഷയിലും ആധുനികർ അവരുടെ ഭാഷയിലും വിളിക്കുന്നെന്നു മാത്രം. ഒരേയൊരു വ്യത്യാസം ആധുനികർ ഊർജത്തെ ജഡമായി കരുതുമ്പോൾ ഋഷിമാരതിനെ ചൈതന്യമായി കാണുന്നു എന്ന് മാത്രം.
സതീഷ് വേദാന്തി
Comments
Post a Comment